Total Pageviews

Wednesday, November 12, 2008

ആ വിളി

ഫോണ്‍ നമ്പര്‍ കൊടുത്തിട്ട് വിളിയും പ്രതീക്ഷിച്ചിരിക്കുന്ന കാമുകരുണ്ട്. അങ്ങേത്തലയ്ക്കല്‍ നിന്ന് യഥാസമയം വിളി വന്നില്ലെങ്കില്‍ പിന്നെ ഇരിക്കപ്പൊറുതിയുണ്ടാകില്ല.ആകെപ്പാടെ വെപ്രാളവും പരവേശവും സങ്കടവും എല്ലാം ചേര്‍ന്ന ഒരവസ്ഥയിലായിരിക്കും.കാമുകര്‍ ഇത്തരം എരിപൊരി സഞ്ചാരത്തിന് അടിപ്പെടുന്നത് സ്വാഭാവികം.

എന്നാല്‍ ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തിന്റെ പ്രധാനമന്ത്രി ഇതു പോലെ ഒരു വിളിക്ക്കാതോര്‍ത്തിരിക്കുകയും കിട്ടാതാകുമ്പോള്‍ ടെന്‍ഷനടിക്കുകയും ചെയ്യുന്നത് കാണുമ്പോള്‍ ജുഗുപ്സയാണ് തോന്നുക.കഴിഞ്ഞ കുറെ ദിവസങ്ങളായി നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ഒബാമ തന്നെ വിളിക്കാത്തതോര്‍ത്ത് കുണ്ഠിതപ്പെട്ടിരിക്കുന്ന മന്‍ മോഹന്‍ സിങ്ങിനെയണ് ദൃശ്യ മാദ്ധ്യമങ്ങളില്‍ കാണാന്‍ കഴിഞ്ഞത്.തന്നെ വിളിക്കാത്തത് പ്രശ്നമാക്കെണ്ട എന്ന് പറയുമ്പോഴും മുഖത്ത് ചമ്മല്‍ വളരെ പ്രകടമായിരുന്നു.

"ഒബാമ എന്നെ വിളിച്ചോ തമ്പ്രാ,ബുഷ് തമ്പ്രാ"എന്ന മട്ടില്‍ ജോര്‍ജ്ജ് ബുഷിനോട് ചോദിച്ചു എന്നും ഒടുവില്‍ അദ്ദേഹം ഇടപെട്ട് ഒബാമയെക്കൊണ്ട് വിളിപ്പിച്ചു എന്നുമാണ് ഏറ്റവും ഒടുവിലത്തെ വാര്‍ത്ത.ഒബാമ വിളിച്ചതോടെ ഏതോ വലിയ കാര്യം സാധിച്ച മട്ടിലാണ് അദ്ദേഹം.ആഗോള സാമ്പത്തിക മാന്ദ്യവും തീവ്ര വാദവും ഒക്കെ അഗണ്യകോടിയിലായിരിക്കുന്നു സിംഗ് ജിക്ക്.

ആണവ കരാറില്‍ ഒപ്പിടാന്‍ കാട്ടിയ വ്യഗ്രതയ്ക്കു പിന്നില്‍ ഊര്‍ജ്ജ പ്രതിസന്ധി പരിഹരിക്കനുള്ള ആത്മാര്‍ത്ഥമായ ആഗ്രഹമല്ലയിരുന്നു എന്നാണ് സിങ്ങിന്റെ ഈ മനോഭാവം വെളിവാക്കുന്നത് .എങ്ങനെയെങ്കിലും അമേരിക്കന്‍ ചങ്ങാത്തം തരപ്പെടുത്തുക ;അതു മാത്രമായിരുന്നു ഉദ്ദേശ്യം.അതിനു വേണ്ടി ഏതറ്റം വരെ താഴാനും അദ്ദേഹം തയ്യറായിരുന്നു.കീരിയേയും പാമ്പിനേയും ഒരുപോലെ പ്രീണിപ്പിച്ചു നേടുന്ന സൗഹൃദം കൊണ്ട് ഇന്ത്യക്ക് എന്തു നേട്ടമാണ് ഉണ്ടാകാന്‍ പോകുന്നത്?

ലോകത്തിനു മുമ്പില്‍ ഇന്ത്യയുടെ അന്തസ്സും വ്യക്തിത്വവും ഇത്രമേല്‍ കെടുത്തിയ ഒരു പ്രധാനമന്ത്രി ഉണ്ടായിട്ടില്ല.അമേരിക്കന്‍ ഭരണകൂടത്തെ പ്രീണിപ്പിക്കാന്‍ വേണ്ടി ഇദ്ദേഹം കൈക്കൊണ്ട മിക്ക നിലപാടുകളും ഭാരതീയര്ക്ക് വരുത്തിവച്ച നാണക്കേട് കുറച്ചൊന്നുമല്ല.മൂന്നാം ലോകരാഷ്ട്രങ്ങള്‍ക്ക് ഒരു കാലത്ത് നേതൃത്വം കൊടുത്ത ഇന്ത്യ ഇന്ന് അവരുടെ മുമ്പില്‍ കോമാളിയായി മാറിയിരിക്കുന്നു.

പല അന്താരാഷ്ട്ര പ്രശ്നങ്ങളിലും മാദ്ധ്യസ്ഥം വഹിച്ച് പരിഹാരം കണ്ടെത്തിയ നമ്മള്‍ ഇന്ന് മുതലാളിത്ത രാജ്യങ്ങളുടെ മുമ്പില്‍ സ്വന്തം പ്രശ്നപരിഹാരത്തിന് കാവല്‍ കിടക്കുന്നു. കാലു തിരുമ്മി കാര്യം നേടാന്‍ ശ്രമിക്കുന്നവനെ ആരും വിലവയ്ക്കില്ല.അതുകൊണ്ടാണ് പാക്കിസ്ഥാന്‍ ഉള്‍പ്പെടെയുള്ള സകല രാഷ്ട്ര നേതാക്കളെയും ടെലിഫോണില്‍ ബന്ധപ്പെട്ടിട്ടും ഇന്ത്യന്‍ പ്രധാനമന്ത്രിയെ മാത്രം ഒബാമ വിളിക്കാതിരുന്നത്.ബുഷിന്റെ ശുപാര്‍ശയുടെ പുറത്ത് വിളി വന്നതാകട്ടെ അതിനേക്കാള്‍ ലജ്ജാകരമായ സംഭവമായി.

ഒരു പഞ്ചായത്ത് തെരഞ്ഞെടുപ്പിനെപ്പോലും നേരിട്ടിട്ടില്ലാത്ത മന്‍ മോഹന്‍ സിംഗിന് കാലാവധി
കഴിയാറായിട്ടും താനിരിക്കുന്ന കസേരയുടെ വലിപ്പം മനസ്സിലായിട്ടില്ല.ബാങ്ക്മാനേജരുടെ മാനസികാവസ്ഥയില്‍ നിന്നും ഇതുവരെ അദ്ദേഹം മോചിതനായിട്ടില്ല.ഇന്ത്യയുടെ പൂര്‍വ്വകാല മഹിമയോ സ്വാതന്ത്ര്യ സമരചരിത്രമോ തന്റെ മുന്‍ ഗാമികളുടെ ഗുണപരമായ അംശങ്ങളോ ഉള്‍ക്കൊള്ളാന്‍ അദ്ദേഹത്തിനു സാധിച്ചിട്ടില്ല.സ്വന്തം പാര്‍ട്ടിയുടെ ചരിത്രം പോലും വേണ്ട രീതിയില്‍
ഗ്രഹിച്ചിട്ടുണ്ടോ എന്നും സംശയമാണ്.

ആഗോളവല്‍ക്കരണത്തിനും സ്വകാര്യവല്‍ക്കരണത്തിനും മുതലാളിത്ത സമ്പദ് ഘടനയ്ക്കും വേണ്ടി നാണം കെട്ട നിലപാടുകള്‍ സ്വീകരിച്ചത് നെഹ്രുവിന്റെ കഴ്ചപ്പാട് അറിയാത്തതു കൊണ്ടാണ്.സമ്മിശ്രസമ്പദ് ഘടന എന്നത് നെഹ്രുവിന്റെ വീക്ഷണമായിരുന്നു.
ബാങ്കുകള്‍ ദേശസാല്‍ക്കരിച്ചത് ഇന്ദിരാഗാന്ധി ആയിരുന്നു.പൊതുമേഖലാ സ്ഥാപനങ്ങള്‍ വിറ്റു തുലയ്ക്കുകയും ബാങ്കുകളെ സ്വകാര്യ വല്‍ക്കരിക്കാന്‍ ശ്രമിക്കുകയും ചെയ്യുക വഴി അവരെ രണ്ടു പേരെയും നിഷേധിക്കുകയാണ് സിംഗ് ചെയ്തത്.

ഗാന്ധിജിയെ മനസ്സിലാക്കിയിട്ടുണ്ടെങ്കില്‍ സായിപ്പിന്റെ വിനീത ദാസനായി വേഷം കെട്ടി ഓച്ഛാനിച്ചു നില്‍ക്കുമായിരുന്നോ?
ഒറ്റമുണ്ടുമുടുത്ത് വട്ടമേശ സമ്മേളനത്തിനു ലണ്ടനിലെത്തിയഗാന്ധിജിയോട് "ബ്രിട്ടീഷ് രാജ്ഞിയുടെ മുമ്പില്‍ ഇങ്ങനെ അല്പവസ്ത്രനായി പോകുന്നതു ശരിയോ?"എന്നു സായിപ്പ് ചോദിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞത്,'ഞങ്ങള്‍ക്കുള്ള വസ്ത്രം കൂടി നിങ്ങളുടെ രാജ്ഞി ധരിച്ചിട്ടുണ്ടല്ലോ.' എന്നാണ്.സ്വാതന്ത്ര്യം പോലും കിട്ടിയിട്ടില്ലാത്ത കാലത്ത് സായിപ്പിന്റെ നാവടക്കിയ ഈ വാക്കുകള്‍ ഓര്‍മ്മയുണ്ടായിരുന്നെങ്കില്‍ സായ്പ്പു പറഞ്ഞതനുസരിച്ച് യു എന്‍ ഒ യില്‍ ഇറാന് എതിരായ നിലപാട് സ്വീകരിക്കുമായിരുന്നോ?
ഇറാനില്‍ നിന്നും പ്രകൃതി വാതകം ലഭിക്കനുള്ള സാദ്ധ്യത ബുഷിനെ ഭയന്നു അവതാളത്തിലാക്കുമായിരുന്നോ?എന്നിട്ട് ഇപ്പോള്‍ ഖത്തറില്‍ നേരിട്ട് ചെന്ന്‍ ഇരന്നിരിക്കുന്നു.അവരാകട്ടെ അപേക്ഷ നിരസിക്കുകയും ചെയ്തു.

ആടിനു പകരം ബലിക്കല്ലില്‍ തന്റെ തല വച്ചുകൊടുത്ത ശ്രീബുദ്ധന്റെ ജന്മനാടാണു ഭാരതം.ഇണപ്പക്ഷികളിലൊന്നിനെ അമ്പെയ്തു വീഴ്ത്തുന്നത് കണ്ട് "മാ നിഷാദാ" (അരുത് കാട്ടാളാ)എന്നു പറഞ്ഞ ആദികവിയുടെ വാക്കുകള്‍ ഇന്നും ഇവിടെ മുഴങ്ങുന്നുണ്ട്.പക്ഷേ ആ രാജ്യത്തിന്‍റെ ഭരണാധികാരി ,സദ്ദാം ഹുസൈനെ ബുഷ് ഭരണകൂടംവധിച്ചപ്പോള്‍ അരുത് എന്നു പറയാനുള്ള കേവല രാഷ്ട്രമര്യാദപോലും കാട്ടിയില്ല.

കാശ്മീര്‍ പ്രശ്നത്തില്‍ ഇടപെട്ട് പരിഹാരം ഉണ്ടാക്കുമെന്ന് തെരഞ്ഞെടുപ്പു വേളയില്‍ തന്നെ ഒബാമ വ്യക്തമാക്കിയിരുന്നതാണ്. വിജയിച്ചശേഷം അദ്ദേഹം അത് ആവര്‍ത്തിക്കുകയും ചെയ്തു.അങ്ങനെയുള്ള ഒരുവന്റെ ഫോണ്‍ വിളി കിട്ടാഞ്ഞാണ് മന്‍ മോഹന്‍ ജി 'ഊണിന്നാസ്ഥ കുറഞ്ഞും നിദ്ര നിശയിങ്കല്‍ പോലുമില്ലാതെ'യും ഞെളിപിരിക്കൊണ്ടത്.കാശ്മീര്‍ കാര്യം ഇന്ത്യയുടെ ആഭ്യന്തര
പ്രശ്നമാണെന്ന നിലപാട് ലോകരാഷ്ട്രങ്ങളെക്കൊണ്ട് നമ്മള്‍ അംഗീകര്‍പ്പിച്ചിട്ടുള്ളതാണ്.വി.കെ കൃഷ്ണമേനോനെപ്പോലെ നട്ടെല്ലുള്ള നേതാക്കന്മാര്‍ അതിനു വേണ്ടി ഒരുപാട് വിയര്‍പ്പ് ഒഴുക്കിയിട്ടുണ്ട്. ഒബാമയുടെ'പ്രേമസിദ്ധിക്കായി അതും ഇദ്ദേഹം സന്ത്യജിക്കു'മെന്നാണു തോന്നുന്നത്.

തൊലി വെളുത്തവന്റെ കാല്‍ക്കീഴില്‍ നൂറ്റിപ്പത്തുകോടി ജനങ്ങളുടെ അന്തസ്സും ആത്മാഭിമാനവും അടിയറവയ്ക്കുന്ന നട്ടെല്ലില്ലാത്ത ഈ വൈകൃതത്തെ ചൂലുകൊണ്ടു സല്‍ക്കരിക്കാത്തത് ഇന്ത്യാക്കാരന്റെ മഹാമനസ്ക്കത!




Fans on the page

6 comments:

പക്ഷപാതി :: The Defendant said...

അമേരിക്കക്കാരന്‍ വിളിച്ചാലും വിളിച്ചില്ലെങ്കിലും ഞങ്ങടെ കഞ്ഞി വേവും എന്ന് ആര്‍ജ്ജവത്തോടെ പറയാതെ അയ്യോ, ഞങ്ങളെ വിളിച്ചില്ലേ എന്ന് കരഞ്ഞുവിളിക്കാന്‍ നാണമില്ലേ? നമ്മുടെ ഈ അടിമത്ത മനോഭാവമാണ് ആദ്യ്യം മാറ്റേണ്ടത്.

കഷ്ടം, നമ്മള്‍ നമ്മുടെ നില മറക്കുന്നു.

സുല്‍ |Sul said...

നാണക്കേട്.
-സുല്‍

dethan said...

പക്ഷപാതീ,
അടിമത്തം രക്തത്തില്‍ അലിഞ്ഞു ചേര്‍ന്നവര്‍ എങ്ങനെയാണു ആ മനോഭാവം മാറ്റുക?
സ്വന്തം നിലയും വിലയും അറിയാത്ത ഇത്തരം ആണും പെണ്ണും കെട്ട ഉരുപ്പടികളെ ചുമക്കേണ്ടി
വരുന്നത് നമ്മുടെ ഗതികേട്.

പ്രിയ സുല്‍,
അതെ;നാണക്കേടു തന്നെ

-ദത്തന്‍

ജിവി/JiVi said...

നൂറു ശതമാനം ശരി. ഭാഷ വളരെ സൌമ്യമായിപ്പോയി എന്ന പരാതിയേ ഉള്ളൂ.

Unknown said...

ഒബാമ വന്നാൽ ഇന്ത്യയ്ക്ക് ബോണ്ടയും സുഖിയനും കിട്ടും ആദ്യം വിളിച്ചത് പാക്കിസ്ഥാ‍നെ യല്ലെ

dethan said...

ജിവീ,
ഭാഷ കടുത്തുപോയി എന്നാണ് പലരും പറഞ്ഞത്.ജിവിയുടെ അഭിപ്രായമാണ് എനിക്കുമുള്ളത്.
സന്തോഷം.

അനൂപേ,
അമേരിക്കന്‍ ഭരണത്തില്‍ ആരു വന്നാലും നമുക്കു പാരയായിരിക്കും എന്നല്ലേ അനുഭവം പഠിപ്പിക്കുന്നത്?അതു മനസ്സിലാക്കാതെ ഇറ്റുവീണു കിടക്കുന്നവരെക്കുറിച്ച് എന്തു പറയാന്‍? നന്ദി.